Saturday, October 15, 2011

നോക്കുകൂലി


Live Style മലയാളം ഇ-മാഗസിനില്‍ 2010 സെപ്റ്റംബര്‍ ലക്കം പ്രസിദ്ധീകരിച്ച എന്റെ നോക്കുകൂലി എന്ന കഥ ‘ബൂലോഗരുമായി ’പങ്കുവയ്ക്കുന്നു.
-------------------------------------------------------

“മുത്തച്ഛാ...മുത്തച്ഛാ..” എന്നുവിളിച്ചുകൊണ്ട് തന്റെ കൊച്ചുമകന്‍ ഓടിവരുന്നത് കണ്ടിട്ടും അയാള്‍ വിദൂരതയില്‍ നിന്നും തന്റെ നോട്ടം പിന് വലിച്ചില്ല.. അവകാശത്തോടെയവന്‍ അയാളുടെ മടിയില്‍ കയറിയിരുന്നു എന്നിട്ടു ചെവിവിയില്‍ പതുക്കെപ്പറഞ്ഞു...

“മുത്തച്ഛാ ... അമ്മ നല്ല സ്വീറ്റ്സുണ്ടാക്കിയിട്ടുണ്ട് .. അച്ഛന്‍ പറയുവാ.. മുത്തച്ഛനറിയണ്ടാന്ന് ! മുത്തച്ഛനു സ്വീറ്റ്സ് കഴിക്കാന്‍ പാടില്ലാന്ന്  .... എന്താ മുത്തച്ഛാ സ്വീറ്റ്സ് കഴിച്ചാല്‍?” തികച്ചും നിശ്കളങ്കമായ ചോദ്യം അയാളില്‍ പുഞ്ചിരി വരുത്തി

 ... മധുരം കഴിക്കാന്‍ പാടില്ല ... ഉപ്പു കഴിക്കാന്‍ പാടില്ല ... മെഴുക്കുള്ള ഭക്ഷണം കഴിക്കരുത് അങ്ങിനെയങ്ങിനെയെന്തെല്ലാം നിയമങ്ങള്‍ ... ഈ എണ്‍പതാം വയസ്സിലും തന്റെ ആരോഗ്യത്തെപ്പറ്റിയുള്ള വേവലാതിയാണോ ? അതോ  എങ്ങാനും ആശുപത്രിയിലായാലുള്ള സമയനഷ്ടത്തെക്കുറിച്ചുള്ള ആധിയാണൊ  തന്റെ മക്കള്‍  തനിക്കു രുചിയുള്ള ഭക്ഷണംവരേ വിലക്കുന്നതിന്റെ കാരണം...?

അവരെ വളര്‍ത്തി ഓരോ നിലകളിലെത്തിച്ചപ്പോള്‍ സമാധാനമായിരുന്നു...

എന്നും ആരോഗ്യത്തോടെ അവരുടെയച്ഛനുണ്ടാവുമെന്ന വിശ്വാസമായിരിക്കും ഇതെല്ലാം വിലക്കാനവരെ പ്രേരിപ്പിക്കുന്നതെന്നയാള്‍ സമാധാനിച്ചു .... എങ്കിലും ഈ പ്രായത്തില്‍ അത്യാവശ്യത്തിനുപോലും നാക്കിനുരുചിയുള്ള ഭക്ഷണം കഴിക്കാതിരുന്നിട്ടെന്തുഫലമെന്
നതിലെ അതിശയോക്തി മാത്രമയാളില്‍ ബാക്കിയായി..

അത്യാധുനിക രീതിയില്‍ പണികഴിപ്പിച്ച വീടിന്റെ ഉമ്മറത്തിരുന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്റെ ഭാര്യയും കുട്ടികളുമൊത്തു താമസിച്ചിരുന്ന പട്ടിണി മാത്രം മിച്ചമുണ്ടായിരുന്ന കൊച്ചുകുടിലിനെപറ്റിയയാളോര്‍ക്കുകയായിരുന്നു.

രാവിലെ ജോലിനോക്കിയിറങ്ങുമ്പോള്‍ വീട്ടിലെ പട്ടിണിക്കോലങ്ങളായിരുന്നു മനസ്സില്‍ ... മൂന്ന് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമടക്കം അഞ്ചു കുരുന്നുകളുടെ വയറു നിറയ്ക്കാനയാളൊഴുക്കിയ വിയര്‍പ്പു തുള്ളികളുടെ നിഴല്‍പ്പാടുകള്‍ ഇന്നും അയാളില്‍ ഒളിഞ്ഞു നിന്നിരുന്നു.

അന്നു താന്‍ ജോലിക്കു പോയാല്‍ ഇളയ കുട്ടിയെ ഒക്കത്തിരുത്തി പാടത്തിനക്കരെയുള്ള നാട്ടു പ്രമാണിയുടെ വീട്ടില്‍ നിന്നും കുടിവെള്ളം ചുമന്നുകൊണ്ടുവന്നും, അവിടെ നെല്ലു കുത്തിയോ അടുക്കളപ്പണിയെടുത്തോ കിട്ടുന്ന ഏതാനും വറ്റുകള്‍  വീട്ടിലെ അടുപ്പത്തുവെച്ച്  കൂടുതല്‍ വെള്ളം ചേര്‍ത്ത് ഒന്നുകൂടി ചൂടാക്കിയുമൊക്കെ മക്കളുടെ വയറു നിറയ്ക്കാന്‍ ശ്രമിച്ചിരുന്നവള്‍ ഇന്നയാളുടെ കൂടെയില്ല...  ഒക്കത്തുവെള്ളം ചുമന്നുവരുന്നതിനുപകരം ബട്ടണിന്റെ പുറത്ത് എല്ലാം സാധിക്കുന്ന നാളുകളൊന്നും കാണാന്‍ നില്‍ക്കാതെ അവള്‍ വിട്ടകന്നിരുന്നു..... മക്കളുടെ മണിമാണികകളിലെ സ്വീകരണമുറികളില്‍ ചില്ലിട്ട ഛായാചിത്രമായിന്നവള്‍ വിശ്രമിക്കുകയാണ്‍്.

 മടിയിലിരുന്ന കൊച്ചുമകനെ പതുക്കെ നിലത്തിറക്കി അയാളെഴുന്നേറ്റു .. “സ്വീറ്റ്സ് കഴിക്കാനാണൊ മുത്തച്ഛാ?” എന്ന കൊച്ചുമകന്റെ ചോദ്യം കേട്ടയാള്‍ വീണ്ടും പുഞ്ചിരിച്ചു.

“ മുത്തച്ചന്‍് കൊറച്ചു വെള്ളം വേണം ... ബാ .. നമുക്ക് അടുക്കളയില്‍ ചെല്ലാം ”

കൊച്ചുമകന്റെ കൈ പിടിച്ചുകൊണ്ടയാള്‍ പതുക്കെ നടന്നു ... അടുക്കള ഭാഗത്തുനിന്നും ആരൊക്കെയോ അടക്കിപ്പിടിച്ചുകൊണ്ടു സംസാരിക്കുന്നു.

“കിളവനു മധുരം കണ്ടാല്‍ കൊതിയാ ... കുട്ടികള്‍ക്കു കൊതി കൂട്ടും ”

“എടീ കിളവനെന്നു വിളിക്കരുത് അതെന്റെ അച്ഛനാ...”

“ എന്തുതന്നെയായാലും ... നമ്മളു നോക്കുന്നപോലെ ആരെങ്കിലും നോക്കുമോ കിഴവന്മാരെ? ലീലയുടെ ഫാതര്‍ ഇല്‍ ലാ യെ ഒക്കെ വൃദ്ധസദനത്തിലാക്കിയതാ ... ഹോ അവരൊക്കെ എന്തു സമാധാനത്തിലാ ജീവിക്കുന്നതെന്നറിയാമൊ .... ഇത് ഈ കിളവനു എവിടെ തുപ്പണം .. എന്തു പറയണം ... ഒരു മര്യാദയുമില്ല....”

“എടീ ... എന്തു തന്നെയായാലും നമ്മള്‍ ജോലിക്കു പോകുമ്പോള്‍ കുട്ടികളെ നോക്കുന്നതാരാ ? ഇക്കാലത്ത് പുറത്തുനിന്നുമൊരാളെ വിശ്വസിച്ചു വീട്ടില്‍ നിര്‍ത്താന്‍ പറ്റുമോ?”

“ആ ഒരു കാരണം കൊണ്ടു മാത്രമാ ഞാന്‍ അങ്ങേരെ ഇവിടെ നിര്‍ത്താന്‍ സമ്മതിച്ചത് ... തന്തയ്ക്കു വേറെയും മക്കളുണ്ടല്ലോ ....  മാളികള് പണിതു സുഖായിട്ടു ജീവിക്കുന്നവര്‍ ... അവരെന്തെങ്കിലുമറിയുന്നുണ്ടോ? ”

തന്റെ മകന്റെയും മരുമകളുടെയും സംസാരം കേട്ടപ്പോള്‍ അയാള്‍ക്ക് തല കറങ്ങിയില്ല .. കണ്ണിലിരുട്ടു കയറിയില്ല ... കേവലം കണ്ണുകള്‍ ഈറനണിയുകപോലും ചെയ്തില്ല .... കാരണം അയാള്‍ക്ക് ജീവിതത്തിലിന്നുവരെ പഠിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വലിയ ഒരു പാഠം  അവരിലൂടെ പഠിക്കാന്‍ കഴിഞ്ഞിരുന്നു...

“ദേ  അങ്ങേര്‍ക്കുള്ള ഗോദമ്പു കഞ്ഞി വേകം കൊടുക്കണം .... അല്ലേല്‍ .... കഞ്ഞീന്നോ ... വെള്ളംന്നോ ഒക്കെപ്പറഞ്ഞു വലിഞ്ഞു വരും .... ”

“അല്ലേലും നീയൊന്നു സൂക്ഷിച്ചോ ടീ ... ഞാന്‍ പറഞ്ഞില്ലായിരുന്നോ .. പഴയ പേരെടുത്ത കള്ളനാ പുള്ളി...”  ഇതും പറഞ്ഞു മകന്‍ പൊട്ടിച്ചിരിക്കുന്നു. കൂടെ മരുമകളും..

തന്റെ ദാഹമെല്ലാം താനെ ഇല്ലാതെയായെന്നു തോന്നിയപ്പോള്‍ വെള്ളമെടുക്കാതെ അയാള്‍ തിരിച്ചു നടന്നു .....
അപ്പോള്‍ അടുക്കളയില്‍ വീണ്ടും എന്തൊക്കെയോ  സംസാരം നടക്കുകയായിരുന്നു.

ഉമ്മറത്തെത്തി വീണ്ടും വിദൂരതയിലേയ്ക്കു കണ്ണുപായിക്കുമ്പോള്‍ അയാളോര്‍ക്കുകയായിരുന്നു

ഒരു ദിവസം ജോലി കഴിഞ്ഞു വരികയായിരുന്നു  .. അന്നു കൂലി കുടിശികയായിരുനന്തുകൊണ്ടു ഒന്നും വാങ്ങിയിരുന്നില്ല ... വെറും കയ്യോടെ വീട്ടിലേക്കു മടങ്ങിച്ചെല്ലാന്‍ മനസ്സു വന്നില്ല ... തറ്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന വിശന്ന വയറുകളുടെ വിളി അയാളുടെ കാതുകളിലിരമ്പിനിന്നു. സമയം രാത്രിയായെങ്കിലും എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു.... ആരോ നിയന്ത്രിക്കുന്നയെന്നവണ്ണം യാന്ത്രികമായയാള്‍ ചെന്നുകയറിയത് ഏതോ വിവാഹവീടിന്റെ പിന്നിലായിരുന്നു...

വീടിനു മുന് വശത്തു ഒരുപാടാളുകള്‍ കൂടിയിരുന്നു ... ഏതോ പാട്ടിന്റെ വരികള്‍ ഉച്ചഭാഷിണിയിലൂടെ അവിടെയെങ്ങും മുഴങ്ങിക്കേട്ടു .... ഏതോ വലിയ ആളുകളുടെ വിവാഹപ്പാര്‍ട്ടിയായിരിക്കും ... പിന്‍ വശത്തൊന്നും ആരെയും കണ്ടില്ല ... നിരന്നു കിടക്കുന്ന വലിയ ചെമ്പുപാത്രങ്ങളില്‍ മൂടിവെച്ച ഭക്ഷണസാധനങ്ങള്‍ക്കു കാവലിരിക്കുന്ന തടിമാടന്‍ ഉറക്കം തൂങ്ങുന്നു ...  തൊട്ടപ്പുറത്തു നിലത്തു തുണിവിരിച്ചു വേറെയും ആരൊക്കെയോ കിടക്കുന്നുണ്ട്...

പാവം പാചകക്കാരായിരിക്കും .. ഭക്ഷണം ഒരുക്കിയ ക്ഷീണത്തില്‍ .. ഭക്ഷണം കൊടുക്കുന്നതിനു മുന്‍പു ഏതാനും സമയത്തേയ്ക്കുള്ള വിശ്രമം ....

അയാള്‍ പതുക്കെ ചെന്നു ഒരു പാത്രം മൂടിമാറ്റി നോക്കി ... ഇന്നുവരേ അയാള്‍ക്കു കേട്ടുകേള്‍വി പോലുമില്ലാത്ത ഏതോ മുന്തിയയിനം ഭക്ഷണത്തിന്റെ ഗന്ധം അയാളുടെ നാസാരന്ധ്രങ്ങളില്‍ അടിച്ചുകയറി....

അടുത്തു നിന്നും വെട്ടിയ വാഴയിലയില്‍ കുറച്ചു ഭക്ഷണം പൊതിയാക്കി തിരിച്ചു നടക്കുമ്പോഴാണതു സംഭവിച്ചത് .... ഉറക്കം തൂങ്ങിയ തടിയന്‍ അയാളെ കണ്ടിരുന്നു...


തടിയന്‍ “കള്ളന്‍ ... കള്ളന്‍ ....” എന്നുറക്കെ ഒച്ചവെച്ചുകൊണ്ടിരുന്നു...

ആളുകള്‍ ഓടിക്കൂടി .... അയാളെ പൊതിരെ തല്ലി .... അവസാനം പോലീസു വന്നു .... കിട്ടിയ അവസരം അവരും വെറുതെ കളഞ്ഞില്ല ....

പിന്നീടു നാട്ടുകാര്‍ മുഴുവനയാളെ കള്ളനെന്നു മുദ്രകുത്തി .... കള്ളന്റെ ഭാര്യയ്ക്കു നാട്ടു പ്രമാണിയുടെ വീട്ടിലെ അടുക്കളപ്പണിയും നഷ്ടമായിരുന്നു...

പട്ടിണി ശീലമാക്കിയ കുരുന്നുകളുടെ കൈ പിടിച്ചുകൊണ്ടു തെരുവിലേക്കിറങ്ങിയ ആ ദമ്പതികള്‍ക്ക് അദ്ധ്വാനിക്കാന്‍ കരുത്തുള്ള ശരീരവും സ്നേഹിക്കാന്‍ മാത്രമറിയാവുന്ന മനസ്സുമല്ലാതെ മറ്റൊന്നും സമ്പാദ്യമായിട്ടുണ്ടായിരുന്നില്ല.

യോജനകള്‍ താണ്ടി ഏതോ മലയോര പ്രദേശത്തെത്തിയപ്പോള്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ഏതാനും ഭൂമി തെളിയിച്ച് അതിലവര്‍ പൊന്നു വിളയിക്കുകയായിരുന്നു. പിന്നീടങ്ങോട്ടവരെ ദൈവം കൈവെടിഞ്ഞിരുന്നില്ലയെങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പു കേട്ടിരുന്ന കള്ളനെന്ന പേര്‍ അയാള്‍ക്കു സ്വന്തം മകനിലൂടെ വീണ്ടും കേള്‍ക്കാന്‍ സാധിച്ചു.
തന്റെ മക്കളില്‍ തനിക്കു കുറച്ചു കൂടുതലിഷ്ടം ഇവനോടായിരുന്നതുകൊണ്ടാണല്ലൊ ഇവന്റെ കൂടെ തന്നെയേ താന്‍ തമസിക്കുകയുള്ളുവെന്നു വാശി പിടിച്ചിരുന്നത് ... പണ്ടു കുട്ടിയായിരുന്നപ്പോള്‍ എന്തോ ഇവിനെയായിരുന്നു താന്‍ കൂടുതലും കൂടെ കൊണ്ടുനടന്നിരുന്നത് ...

 പക്ഷേ എന്തുകൊണ്ടോ, ഒരു തുള്ളി കണ്ണുനീര്‍ പോലും അയാളില്‍ പൊടിഞ്ഞില്ല...

മരുമകള്‍ ഗോതമ്പുനുറുക്കിന്റെ ഉപ്പിടാത്ത കഞ്ഞിയുമായി വന്നുകൊണ്ട് ടീപ്പോയിയില്‍ വച്ചശേഷം അയാളെ വിളിച്ചു...

“അച്ഛാ .... വന്നു കഞ്ഞി കഴിക്കൂ...  വയറു കൂടുതല്‍ വിശന്നിരിക്കരുതെന്നാ ഡോക്ടര്‍ പറഞ്ഞത് ”

തന്റെ കാര്യത്തില്‍ മരുമോള്‍ക്കുള്ള ശ്രദ്ധകണ്ട അയാള്‍ക്ക് ഉറക്കെ ചിരിക്കാനായിരുന്നു തോന്നിയത് ...

ഒന്നുമുരിയാടാതെ മരുമകള്‍ തന്ന ഉപ്പിടാത്ത കഞ്ഞി കോരിക്കുടിക്കുമ്പോള്‍ അയാള്‍ക്കറിയാമായിരുന്നു  ഇതയാളുടെ കൂലിയാണെന്നു! സ്വന്തം പേരക്കുട്ടികളെ നോക്കുന്നതിനയാള്‍ക്കു കിട്ടിയ നോക്കുകൂലി !!

ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാം




Wednesday, October 12, 2011

കൈക്കൂലിയുണ്ടാക്കുന്നതെങ്ങിനെ?


കൈക്കൂലിയുണ്ടാക്കുന്നതെങ്ങിനെയെന്നു ചോദിച്ചാല്‍ അല്പം മല്ലി , മുളക് , ഉപ്പ് , തേങ്ങാപ്പൊടി, പഞ്ചസാര  ഇതൊക്കെ ചേര്‍ത്ത്  ഒരു പാത്രത്തിലിട്ട ശേഷം തീ കത്തിച്ച് നന്നായിട്ടിളക്കി പാകമാകുമ്പോള്‍ വാങ്ങിവച്ച് കുറച്ചു മല്ലിയിലയും ചേര്‍ത്തു നന്നായി മിക്സ് ചെയ്യുക ഇങ്ങിനെയാണ് സ്വാദിഷ്ടമായ കൈക്കൂലിയുണ്ടാക്കുന്നത് ... അല്ലേ? ...  സത്യം പറഞ്ഞാല്‍ ഇതേപോലെ അല്പം എരിവും പുളിയും മസാലയും ഒക്കെ ചേര്‍ത്തുകൊണ്ടു തന്നെയാണ് കൈക്കൂലിക്കലയില്‍ നൈപുണ്യം നേടിയ പുണ്യാത്മാക്കള്‍ കൈക്കൂലി ഉണ്ടാക്കിയെടുക്കുന്നത്.. 

 കൈക്കൂലിയെന്ന കലയെപറ്റി അല്പം..(കൈക്കൂലിയേക്കുറിച്ച് ഒത്തിരി നിങ്ങള്‍ കേട്ടുകാണും എങ്കിലും ഇരിക്കട്ടേന്നേ... )

കൈക്കൂലി പാരമ്പര്യമായി കൈമാറ്റപ്രക്രിയകളിലൂടെ കിട്ടുന്നതാണോ അതോ ജന്മവാസനയാണോ എന്നൊക്കെ ചോദിച്ചാല്‍ ധൈര്യമായിട്ടുതന്നെ പറയാം  ഈ കലയ്ക്ക് പ്രത്യേക വാസനയുടേയോ പാരമ്പര്യത്തിന്റേയോ ഒന്നും തന്നെ ആവശ്യമില്ല . സ്വല്പം തൊലിക്കട്ടിയുണ്ടെങ്കില്‍  ആര്‍ക്കും എപ്പോഴും എവിടെവെച്ചും അവനവന്റെ ആരോഗ്യത്തിനനുസരിച്ചു കൈക്കൂലി നേടിയെടുക്കാം (ചിലപ്പോള്‍ കൈകൊണ്ടു വേറെ വല്ലതും കിട്ടിയാല്‍ അതു വാങ്ങിച്ചുവെയ്ക്കാനുള്ള കെല്പ് അത്യാവശ്യ ഘടകമാണ്) .  

“ കൈക്കൂലി എങ്ങിനെ ഉണ്ടായി?” എന്നത് നമ്മളില്‍ പലരും സ്വന്തം മനസ്സിനോടെങ്കിലും ചോദിച്ചിട്ടുണ്ടാവുന്ന ഒരു ചോദ്യമാണ്  . ഇനി ആരെങ്കിലും നമ്മോടു ഈ ചോദ്യം ചോദിച്ചെന്നിരിക്കട്ടെ തിരിച്ച്  “ അണ്ടിയാണൊ മാവാണൊ മൂത്തത് ?” എന്ന സിമ്പിള്‍ കൊസ്ത്യനിലൂടെ മറുപടി കൊടുത്തു തടിതപ്പാനെ നമുക്കു കഴിയൂ   .

പക്ഷേ തീയില്ലാതെ പുകയുണ്ടാവില്ലാ എന്ന ശാസ്ത്രം വച്ചു ഒന്നു സൂക്ഷ്മമായി വിലയിരുത്തിനോക്കുകയാണെങ്കില്‍ കൈക്കൂലിക്കു കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തു വിതരണം വരേ നടത്തിയതു നമ്മളൊക്കെത്തന്നെയല്ലേ, എന്നൊരു ഞെട്ടലും അവശേഷിക്കാം .

ഉദാഹരണത്തിന്, നല്ല തിരക്കുള്ള ഡോക്ടര്‍മാര്‍ പ്രൈവറ്റ് പ്രാക്റ്റീസ് നടത്തുന്ന ഇടങ്ങളെടുത്തു നോക്കൂ  വരുന്നയാളുകളുടെ പേരെഴുതിവെയ്ക്കാനും ക്രമപ്രകാരം രോഗികളെ വിളിച്ചു അകത്തു കടത്താനും ഫ്യൂസാവാറായ അമ്മാവന്മാരെയോ സ്കൂള്‍ സമയം കഴിഞ്ഞാല്‍ വട്ടച്ചിലവിനു വല്ലതും തടയാന്‍ നടക്കുന്ന പയ്യന്മാരെയോ നിറുത്തിയിരിക്കുന്നതുകാണാം.
916 പരിശുദ്ധിയോടെ അമ്മാവന്‍ അല്ലേല്‍ പയ്യന്‍ തന്റെ ജോലി നിര്‍വ്വഹിച്ചുകൊണ്ട് മുന്‍പോട്ടുപോകുമ്പോള്‍ നമ്മളിലെതന്നെ ചില അതിബുദ്ധിമാന്മാര്‍ പയ്യനമ്മാവന്മാരെ രഹസ്യമായികണ്ട്  കുശലം ചോദിച്ച് വല്ല അഞ്ചോപത്തോ ചായകുടിക്കാന്‍ കൊടുക്കുന്നു. പകരം നമ്മുടെ നമ്പറും നേരത്തേ വന്നു കുത്തിയിരിക്കുന്ന രോഗികളുടെ കണക്കുകളുമൊക്കെ തെറ്റിച്ചുകൊണ്ട് ഡോക്ടറുടെഅടുത്തേയ്ക്ക് വിളിപ്പിക്കുന്നു..

പിന്നീടു പയ്യനു വല്ലതും കൊടുത്താല്‍ പെട്ടന്നു ഡോക്ടറെക്കാണാം എന്ന സംഗതി രഹസ്യമായി നമ്മള്‍ തന്നെ പരസ്യപ്പെടുത്തുന്നു . വട്ടച്ചിലവിനു വല്ലതും കിട്ടാന്‍ വന്ന പയ്യന്‍ ഇതിലെ ബിസിനസ് തിരിച്ചറിയുകയും വട്ടച്ചിലവു ഒരു പ്രൊഫഷനായെടുക്കുകയും ആദ്യ നമ്പറുകള്‍ വെറുതേ വല്ല പേരും എഴുതിയിട്ട് തന്റെ കസ്റ്റമര്‍ക്കായി വലയൊരുക്കി കാത്തിരിക്കുകയും ചെയ്യുന്നു. 

പയ്യനു ചായകുടിക്കാന്‍ കൊടുക്കാത്തവര്‍ അവന്റെ വീക്ഷണം വച്ചുനോക്കിയാല്‍ മഹാ അലമ്പന്മാരും പരമ ചെറ്റകളുമാകുന്നു.  ഇനി ഇതിനെയൊക്കെ ചോദ്യം ചെയ്യാമെന്നു വെച്ചാലോ  ഒന്നും ചെയ്യാനൊക്കില്ല! കാരണം നമ്മള്‍ വളരെവൈകിപ്പോയി    അപ്പോഴേയ്ക്കും   കേരളീയ ആചാരപ്രകാരം ശീട്ടെടുക്കല്‍  തൊഴിലാളി യൂണിയന്‍ എന്ന സംഘടന പയ്യന്റെ നേതൃത്വത്തില്‍ രൂപീകൃതമായിക്കഴിഞ്ഞിരിക്കും . പിന്നെ അടിയായി പിടിയായി ഹര്‍ത്താലായി .... ഹലാക്കിന്റെ അവിലും കഞ്ഞിയായി.

 ഇവിടെമുതലങ്ങോട്ടു തുടങ്ങുന്നു കൈക്കൂലിയുടെ പലതരത്തിലുള്ള മുഖങ്ങള്‍ ! ശരിക്കും നമ്മള്‍ തന്നെ തുടങ്ങിവച്ചതല്ലേ ഈ തെറ്റ് ? 

എന്തിനേറെ പറയണം ചില ഹോട്ടലുകളില്‍ ചെന്നാല്‍ നമ്മളുടെ അന്തസും അഭിമാനവും കാണിക്കാന്‍  നമ്മള്‍  ടിപ്സ്  കൊടുക്കാറില്ലേ? അതും ഒരുതരം കൈക്കൂലി തന്നെ .  പണ്ടു വല്ല സായിപ്പും ഒരു സന്തോഷത്തിനു കൊടുത്തതാവണം.  ഹോട്ടല്‍ മാനേജ്മെന്റിനു ഇതു വലിയൊരു മുതല്‍ക്കൂട്ടാണെന്നതു പറയാതിരിക്കാന്‍ വയ്യ.  കാരണം ടിപ്സ് കിട്ടുന്ന ഹോട്ടലില്‍ കുറഞ്ഞ ശമ്പളത്തിനു ജോലിചെയ്യാന്‍ ജനം തയ്യാറാണ് . ലോട്ടറിയെടുക്കുമ്പോലെ ഒരു പരീക്ഷണമായതുകൊണ്ട് ശമ്പളവര്‍ദ്ധനവില്ലാത്തതിന്റെ പേരിലോ മറ്റെന്തെങ്കിലും പേരിലോഒക്കെയായി ജോലിയുപേക്ഷിച്ചു പോവുകയുമില്ല.

പോലീസിലാണെങ്കില്‍ ഒടുക്കത്തെ കൈക്കൂലിയാണെന്നാണു കേള്‍വി. സിനിമാക്കാര്‍ അതിനെ ഒന്നുകൂടി ചെത്തിമിനുക്കി നമുക്കു കാണിച്ചുതരാറുമുണ്ട് .

 ഇതിനെയൊക്കെ വലിയ വിഷമില്ലാത്ത വല്ല നീര്‍ക്കോലി കൈക്കൂലിയുടേയോ നാഞ്ഞൂള്‍കൈക്കൂലിയുടേയോ ഒക്കെ വിഭാഗത്തില്‍ പെടുത്തി നമുക്കു സമാധാനിക്കാം. എന്നാല്‍ പഴുതാര, ചിലന്തി, തേള്‍, മൂര്‍ഖന്‍ , വെള്ളിക്കെട്ടന്‍ , അണലി , രാജവെമ്പാല തുടങ്ങി വിവിധ സ്വഭാവത്തിലും രൂപത്തിലുമുള്ള അതിഭയങ്കരന്‍ കൈക്കൂലികള്‍ നമ്മുടെ ഇന്ത്യാമഹാരാജ്യത്ത്  നീണ്ടുനിവര്‍ന്ന് പടര്‍ന്നു പന്തലിച്ചങ്ങിനെ കിടക്കുകയാണ്. മാധ്യമങ്ങളിലൂടെ നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന പല വാര്‍ത്തകളും കേട്ടുകേട്ട് ഇന്ന് ഞെട്ടല്‍ എന്ന വികാരം തന്നെ നമുക്കു നഷ്ടമായിരിക്കുന്നുവെന്നതും നാം വിസ്മരിച്ചുകൂട. 


റിയല്‍ എസ്റ്റേറ്റിന്റെ കാര്യം പറയുകയാണെങ്കില്‍ മെഗാസീരിയല്‍ എപ്പിസോഡുകള്‍ പോലെ ‘അനന്തം അജ്ഞാത’മായിരിക്കും. അതുകൊണ്ട് ഞാനായിട്ട് ആ സാഹസത്തിനു മുതിരുന്നില്ല.

കേരളത്തിലെ റോഡുകളിലെ കുണ്ട് വിത്ത് കുഴികളെക്കുറിച്ച് നമ്മള്‍ ധാരാളം കേട്ടിട്ടുള്ളതാ‍ണ് , പല സരസന്മാരും അതേപറ്റി രസകരമായ വര്‍ണ്ണനകളും നടത്തിയിട്ടുമുണ്ട് . റോഡില്‍ ചൂണ്ടയിട്ടും കൃഷിനടത്തിയുമൊക്കെ നമ്മള്‍ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ടെന്നുമാത്രമല്ല  മാറിമാറിവരുന്ന സര്‍ക്കാറുകളെ കഴിയുന്നത്ര തെറികളും നമ്മള്‍ വിളിച്ചുകഴിഞ്ഞു.  എന്നിട്ടു വല്ല ഫലവുമുണ്ടായോ?  അറ്റകുറ്റപ്പണികളായാലും മൊത്തത്തിലുള്ള പണിയായാലും നടന്നുകഴിഞ്ഞു ഒരാഴ്ചയ്ക്കകം തന്നെ ‘ഫലം’(കുഴി) കണ്ടുതുടങ്ങാറില്ലേ? 

റോഡ് കോണ്ട്രാക്റ്റെടുക്കുന്നവന്‍ തലതൊട്ട് വാലുവരേ കൈക്കൂലികൊടുത്ത് ബില്ലു പാസാക്കിച്ചെടുക്കുമ്പോഴേയ്ക്കും റോഡില്‍ ടാറിടുന്നതുപോയിട്ട് വല്ല ടാറിട്ടറോഡിന്റേയും ഫോട്ടോ പ്രിന്റുചെയ്ത് ഒട്ടിച്ചുവെയ്ക്കാന്‍ വരേ പണം തികയാത്ത അവസ്ഥയാണുള്ളത്. പിന്നെ എങ്ങിനെ കുഴിയും കുളവുമൊക്കെ ആവാതിക്കും.

എയര്‍പ്പോര്‍ട്ടുകളിലേയും സീപോര്‍ട്ടുകളിലേയും കാര്യങ്ങള്‍ക്ക് എന്താ വല്ല കുറവുമുണ്ടോ? എവിടെ നോക്കിയാലും  ഒന്നിനൊന്നു മെച്ചത്തില്‍ കാണാന്‍ കഴിയും.

 ചിലര്‍ “ഒരു സന്തോഷത്തിന്” എന്നുപറഞ്ഞു തുടക്കമിടുന്ന ചില പോക്കറ്റ് കൈക്കൂലികള്‍ പിന്നീട് വന്‍ വിപത്തായി മാറുന്നു എന്നത് വളരെ ഗൌരവത്തോടെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ ‘സന്തോഷിപ്പിക്കല്‍ ’ കയ്യോടെ പിടിച്ചു പണിഷ്മെന്റ് കൊടുത്താല്‍ അപ്പോ തുടങ്ങും ‘ചട്ടപ്പടി സമരം’ ഒലക്കേടെ മൂട് . എല്ലാറ്റിനും നമുക്ക് ലൂപ്പ് ഹോളുകളുണ്ട്  പണമുണ്ടെങ്കില്‍ പരിഹാരങ്ങളുമുണ്ട്. 


ഇനി വിദേശ ഇന്ത്യന്‍ കൈക്കൂലിയേക്കുറിച്ചു പറയുകയാണെങ്കില്‍ ഇന്ത്യന്‍ എമ്പസിയിയില്‍ അമ്പതു റിയാലും ഒരു പെപ്സ്സിയും കൊടുത്താല്‍ എന്തു കാര്യവും നടക്കുമെന്നു ചില അറബികള്‍ കളിയാക്കിപ്പറയാറുണ്ടെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞതു ഞാനോര്‍ക്കുന്നു. നമ്മുടെ നാട്ടില്‍ നടക്കുന്നതോ പോട്ടെ എന്തിനു മറുനാട്ടുകാരനെക്കൊണ്ടു പറയിപ്പിക്കണം ? എത്ര ലജ്ജാവഹം അല്ലേ എന്നു പറയാന്‍ വരട്ടെ, കാരണം നമുക്കും ഇതുപോലെ വല്ല കാര്യങ്ങളും സാധിക്കാനുണ്ടെങ്കില്‍ നേര്‍ വഴിക്കു കാര്യങ്ങള്‍ നീക്കുന്നതിലുമുപരി വളഞ്ഞവഴിക്കു നീക്കാനല്ലേ നമ്മള്‍ തിടുക്കം കാണിക്കുന്നത് .  

കൈക്കൂലി കൊടുക്കുന്നതും അതു വാങ്ങുന്നതും ഗുരുതരമായ തെറ്റാണെന്നതൊക്കെ നമുക്കറിയാമെങ്കിലും നമ്മള്‍ കൊടുത്തുകൊണ്ടേയിരിക്കുന്നു. അവരതു വാങ്ങിക്കൊണ്ടുമിരിക്കുന്നു. 

 ചെറുകിട പത്തോ അമ്പതിന്റേയോ കൈക്കൂലികളേപറ്റിയേ ഞാന്‍ പറഞ്ഞിട്ടുള്ളു. 3ജി 2ജി തുടങ്ങി പല വന്‍ അഴിമതി-കം-കൈക്കൂലിക്കേസുകള്‍ വേറെ ഒത്തിരി കിടക്കുന്നു. മാത്രമല്ല സര്‍ക്കാറാപ്പീസുകളില്‍ കയറിയിറങ്ങി ആപ്പിസു പൂട്ടുന്നവരുടെ കാര്യം ഞാന്‍ പറയാതെ തന്നെ വ്യക്തമാണല്ലോ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  പേരില്‍ നടക്കുന്ന വന്‍ കൈക്കൂലി ഇടപാടിന്റെ പേരു നമ്മള്‍ ‘ഡൊണേഷന്‍ ’ എന്നാക്കി മാറ്റിയത്  പോത്തി നെ പുള്ളിമാനേ എന്നു വിളിച്ചതുകൊണ്ട് പോത്ത് പോത്തല്ലാതാവുന്നില്ല എന്നുപറഞ്ഞതുപോലെയാണ്.

ഇതിനു നമുക്കെന്തു പരിഹാരം ചെയ്യാന്‍ കഴിയും?  ബോധവല്‍ക്കരണം നടത്തിയിട്ടു കാര്യമുണ്ടോ ? എങ്കില്‍ കണക്കായി,  ബോധവല്‍ക്കരണത്തിന്റെ പേരുപറഞ്ഞു നമ്മള്‍ റസിപ്റ്റടിച്ചു കാശുവാങ്ങിക്കും,  അതാണു നമ്മള്‍ !

പണ്ടു സര്‍ക്കാരാപ്പീസര്‍ നേരിട്ടോ ശിപായി വഴിയോ വാങ്ങിയിരുന്ന കൈക്കൂലി ഇന്നു തൊട്ടടുത്ത പലചരക്കു കടവഴിയോ തട്ടുകടവഴിയോ ഒക്കെയാക്കി എന്നത്  കൈക്കൂലിയുടെ അപ്ഡേറ്റഡ് വേര്‍ഷനുകളായേ നമുക്കു വിലയിരുത്താന്‍ കഴിയൂ. 

മഴയത്തുപൊടിയുന്ന പാറ്റകണക്കെ പൊട്ടിമുളയ്ക്കുന്ന ചാനലുകാര്‍ ഒളിക്കുന്ന ക്യാമറയും ഒളിക്കാത്ത ക്യാമറയുമൊക്കെയെടുത്ത് ‘സെന്‍സേഷന്‍ ’ ന്യൂസിനായി പരക്കം പായുന്നതുകൊണ്ട് കുറേയൊക്കെ നേരിട്ടു വാങ്ങുന്ന കൈക്കൂലികളുടെ കാര്യത്തില്‍ ആശ്വാസമുണ്ടെന്നതു കണ്ടില്ലെന്നു നടിക്കുന്നില്ല. എങ്കിലും ഒന്നിനുപോകുന്നതുപോലും ചാനല്‍ ഡസ്കുകളില്‍ ചര്‍ച്ചയ്ക്കെത്തുന്ന കാലം വളരെവിദൂരമല്ലാത്തതുകൊണ്ട് കൈക്കൂലിക്കേസുകള്‍ ചര്‍ച്ചചെയ്തും ഒളിഞ്ഞും തെളിഞ്ഞും പകര്‍ത്തിയുമെല്ലാം ചാനലുകാര്‍ക്കും അതിലുപരി ഇതുകണ്ടൂ കണ്ടു പ്രേക്ഷകര്‍ക്കും മടുക്കുന്ന കാലവും വിദൂരമല്ല.  

അനന്തരഫലം നിരന്തരം നടക്കുന്നപോലെതന്നെ  പ്രേക്ഷകന്നു താല്പര്യമില്ലാത്ത ന്യൂസില്‍ ചാനലുകാര്‍ക്ക് ഒട്ടും താല്പര്യമില്ലാത്തതുകൊണ്ട് ഇതൊന്നും ഒരു ന്യൂസേ അല്ലാതായി മാറും . കാരണം ‘ ദീപസ്തംഭം മഹാശ്ചര്യം ’ “നമുക്കൊന്നും കിട്ടാതെ ഒന്നുമില്ല” എന്നൊക്കെയാണല്ലോ പണ്ട് ആരാണ്ടു പറഞ്ഞിട്ടുപോയത്.

എന്തിനേറെപ്പറയണം ഇന്ന് നമ്മുടെ നാട്ടില്‍ ഏതൊരു കുറ്റകൃത്യം  ചെയ്താലും പുഷ്പം‌പോലെ രക്ഷപ്പെടാമെന്ന സ്ഥിതി വന്നുകഴിഞ്ഞില്ലേ! ഇതിനെ പണത്തിന്റെ മിടുക്കായിട്ടല്ലാതെ മറ്റൊന്നുമായിട്ടു നമുക്കു കാണാന്‍ കഴിയില്ല. പണമുണ്ടെങ്കില്‍ ആടിനെ പട്ടിയാക്കാനും ആ പട്ടിയെ വല്ല ചുണ്ടെലിയോ കാട്ടുമാക്രിയോ ഒക്കെയാക്കി കാക്കയ്ക്കിട്ടുകൊടുക്കാനും വരേ കഴിയുമെന്നതാണ് പച്ചയായ സത്യം! 

ഇതില്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വീണ്ടും നിങ്ങളോടു ചോദിക്കുന്നതില്‍ എന്നോടു ക്ഷമിക്കണം. കാരണം എത്ര തല കുത്തി നിന്നിട്ടും എനിക്കു ഉത്തരം കിട്ടാത്ത ഒരു കൊടും കടങ്കഥതന്നെയാണിത് ...  ഇനി ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തന്നെ തിന്നണമെന്നാണെങ്കില്‍  തൊണ്ടയിലെങ്ങാനും മുള്ളു കുരുങ്ങിയാല്‍ അതിന്റെ വേദനയും സ്വയമങ്ങു സഹിച്ചുകൊള്ളണം. ജാഗ്രതൈ!

*************************
നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു ...